മഞ്ചേരി: വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മിഷണറെ തടഞ്ഞ സംഭവത്തിൽ നജീബ് കാന്തപുരം എംഎൽഎ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ നിരുപാധികം മാപ്പുപറഞ്ഞു. സ്ത്രീകൾ മാത്രമുള്ള കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനത്തിയപ്പോൾ മാനുഷിക പരിഗണന വെച്ചാണ് ഇടപെട്ടതെന്നും വീട്ടിൽ നിന്ന് ഇറക്കിവിട്ടാൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് അവർ പറഞ്ഞപ്പോഴുണ്ടായ വൈകാരികമായ പ്രകടനമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്നും എംഎൽഎ കോടതിയെ അറിയിച്ചു.
കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജപ്തി നടപടിക്ക് എത്തിയ തന്നെ എംഎൽഎ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഭിഭാഷക കമ്മീഷണർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെ ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് സരിത രവീന്ദ്രൻ, എംഎൽഎ നജീബ് കാന്തപുരത്തിന് നോട്ടീസ് അയച്ചു. തുടർന്നാണ് എംഎൽഎ അഭിഭാഷകനൊപ്പം വെള്ളിയാഴ്‌ച കോടതിയിൽ ഹാജരായി മാപ്പു പറഞ്ഞത്.
കേസ് തിങ്കളാഴ്‌ച കോടതി വീണ്ടും പരിഗണിക്കും. പെരിന്തൽമണ്ണയിലെ വേങ്ങൂരിലായിരുന്നു സംഭവം. മേലാറ്റൂരിലെ ഒരു സഹകരണ ബാങ്കിൽ നിന്ന് ചികിത്സയ്ക്കായി 2022-ലാണ് കുടുംബം വീടും സ്ഥലവും ഈടു വെച്ച് അഞ്ചുലക്ഷം രൂപ വായ്പയെടുത്തത്. ഒരു ലക്ഷത്തോളം രൂപ തിരിച്ചടച്ചിരുന്നു. എന്നാൽ കുടുംബനാഥൻ മരിച്ചതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. ഇതേ തുടർന്നാണ് അഭിഭാഷക കമ്മീഷണറും ബാങ്ക് അധികൃതരും പോലീസും അടങ്ങുന്ന സംഘം ജപ്തിക്കായി വീട്ടിലെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതോടെ എംഎൽഎ വീട്ടിലെത്തി ജപ്തി നടപടി തടഞ്ഞ് ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയായിരുന്നു.