കൊടുവള്ളി: കെഎസ്ആർടിസി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. നടുവണ്ണൂർ സ്വദേശി നാഗേഷ് എന്ന് വിളിക്കുന്ന രാജേഷാണ് പിടിയിലായത്. സമാന കുറ്റകൃത്യം ചെയ്തതിനെ തുടർന്ന് പ്രതിയെ മുൻപും ആളുകൾ കൈകാര്യം ചെയ്തിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
സ്ത്രീകൾ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന ബസ്സുകളിൽ മുൻഭാഗത്ത് മാത്രം നിന്നാണ് ഇയാളുടെ പതിവ് യാത്രയെന്നും നിരവധിപേർ പരാതിപ്പെടുന്നുണ്ട്. ‘വാർത്താലിങ്ക്' വാർത്തയെ തുടർന്ന് ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പരപ്പൻപൊയിലിൽ നിന്നും പടനിലം ഭാഗത്തേയ്ക്ക് ബസ് കയറിയ വിദ്യാർത്ഥിനിക്ക് നേരെയായിരുന്നു ഇയാൾ ലൈഗിംകാതിക്രമം നടത്തിയത്.
ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി പോയ ബസ് മണ്ണിൽകടവ് എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു ലൈംഗികാതിക്രമം. സഹികെട്ട പെൺകുട്ടി ഉറക്കെ ബഹളം വെക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. തുടർന്ന് ബസ് നിർത്തിയതോടെ പ്രതി കടന്നുകളഞ്ഞു. സംഭവത്തിൽ കൊടുവള്ളി പോലീസ് ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.