Trending

സംഘർഷം തടയാൻ 11 മണിക്ക് ശേഷം കടകൾ അടച്ചിടണം; പേരാമ്പ്ര പോലീസിൻ്റെ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ.


പേരാമ്പ്ര: ആക്രമണവും സംഘർഷവും തടയാൻ പേരാമ്പ്രയിൽ രാത്രി 11 മണിക്ക് ശേഷം ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന വിചിത്ര ഉത്തരവുമായി പേരാമ്പ്ര പോലീസ്. ഇതു സംബന്ധിച്ച് എല്ലാ കടയുടമകൾക്കും നോട്ടീസ് നൽകി. എന്നാൽ പോലീസ് നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 

പേരാമ്പ്ര ബൈപ്പാസിൽ ഉൾപ്പെടെ നിരവധി ഹോട്ടലുകൾ തുറന്നിട്ടുണ്ട്. എല്ലാം അർദ്ധരാത്രിയിലും പ്രവർത്തിക്കുന്നവയാണ്. ആക്രമണം തടയാൻ പോലീസിന്റെ പട്രോളിങ് കൂട്ടുകയും രാത്രി 11 മണിക്ക് ശേഷം സംശയാസ്പദമായി കറങ്ങുന്നവരെ ചോദ്യം ചെയ്യുകയും ചെയ്യുന്നതിനു പകരം കട അടപ്പിക്കാനുളള തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

രാത്രി 11 മണിക്കു ശേഷം പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകൾ തുറന്നു പ്രവർത്തിക്കരുതെന്ന പോലീസ് നിർദ്ദേശം പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നേതാക്കൾ പേരാമ്പ്ര പോലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് നിവേദനം നൽകി. വിഷയത്തിൽ പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിഐ ഉറപ്പുനൽകി. 

വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, ജനറൽ സെക്രട്ടറി ബഷീർ പരിയാരത്ത്, ട്രഷറർ മുനീർ അർഷ്, വർക്കിങ് പ്രസിഡന്റ് ഒ.പി മുഹമ്മദ്, സി.എം അഹമ്മദ് കോയ, സന്ദീപൻ കോരൻകണ്ടി, എൻ.കെ മുസ്തഫ, ചന്ദ്രൻ ഭാരത്, മുഹമ്മദ് കിങ് എന്നിവർ പങ്കെടുത്തു. പോലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐയും രംഗത്തിറങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post