Trending

ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് അടിയന്തര പൊതുജാഗ്രതാ സന്ദേശം.


ഉണ്ണികുളം: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളിൽ പേവിഷബാധ (Rabies) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ചെറിയ കുട്ടിയടക്കം 5 പേർക്ക് നായയുടെ കടിയേൽക്കുകയും, തുടർന്ന് ചത്ത നായയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ മറ്റു തെരുവു നായ്ക്കളിലേക്കും വളർത്തു മൃഗങ്ങളിലും രോഗബാധ പടരാൻ സാധ്യതയുള്ളതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.  

തടയാൻ അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികളും നിർദ്ദേശങ്ങളും താഴെ നൽകുന്നു.

• സൗജന്യ/സബ്‌സിഡി പേവിഷബാധ വാക്‌സിനേഷൻ ക്യാമ്പ്:
നിങ്ങളുടെ വീട്ടിലെ വളർത്തുമൃഗങ്ങൾക്ക് (3 മാസത്തിന് മുകളിലുള്ള നായ്ക്കൾക്കും പൂച്ചകൾക്കും) നിർബന്ധമായും വാക്‌സിൻ നൽകുക. അതിനു ശേഷം വാക്സിൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 50 രൂപ ഫീസും അടച്ച് ഓൺലൈനായി പഞ്ചായത്തിൽ നിന്നും ലൈസൻസും എടുക്കുക.

തീയതികൾ: 2026 ഒക്ടോബർ 12, 13 (തിങ്കൾ, ചൊവ്വ)  
സമയം: രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ  
സ്ഥലം: വെറ്റിനറി സബ്‌സെന്റർ, എം.എം പറമ്പ് (ഉണ്ണികുളം) ഫീസ്: ₹55.

• ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയരുത്:
റോഡരുകുകളിലും പൊതുസ്ഥലങ്ങളിലും ഭക്ഷണ-മാംസ അവശിഷ്ടങ്ങൾ എറിയുന്നത് പൂർണ്ണമായും ഒഴിവാക്കുക. ഇത് തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതിനും അക്രമണകാരികളാകുന്നതിനും കാരണമാകുന്നു.

• ശ്രദ്ധയില്ലാതെ ഭക്ഷണം നൽകലും സമ്പർക്കവും ഒഴിവാക്കുക:
തെരുവ് നായ്ക്കൾക്ക് അശാസ്ത്രീയമായി ഭക്ഷണം നൽകുന്നതും അവയോട് അടുത്ത ഇടപഴകുന്നതും നിർത്തുക. അപരിചിതമായ നായ്ക്കളുടെ അടുത്തുപോകാൻ കുട്ടികളെ അനുവദിക്കരുത്.

• കടിയേറ്റാൽ ഉടൻ ചെയ്യേണ്ടവ:
കടിയേറ്റ ഭാഗം വെള്ളത്തിൽ സോപ്പ ഉപയോഗിച്ച് 15 മിനിറ്റ് തുടർച്ചയായി കഴുകുക. ഒട്ടും വൈകാതെ തൊട്ടടുത്ത ഗവണ്മെന്റ് ആശുപത്രിയിൽ എത്തി വാക്‌സിൻ (ARV) സ്വീകരിക്കുക.

• സംശയമുള്ള നായ്ക്കളെ കണ്ടാൽ:
വായിൽ നിന്ന് അമിതമായി പതയോ ഉമിനീരോ ഒലിക്കുക, വെള്ളത്തോടും വെളിച്ചത്തോടും പേടി കാണിക്കുക തുടങ്ങിയ ലക്ഷണങ്ങളുള്ള നായ്ക്കളെ കണ്ടാൽ ഉടൻ തന്നെ വാർഡ് മെമ്പറെയോ വെറ്റിനറി അധികൃതരെയോ വിവരമറിയിക്കുക. പേവിഷബാധ പൂർണ്ണമായും പ്രതിരോധിക്കാൻ കൃത്യമായ ജാഗ്രതയിലൂടെയും വാക്‌സിനേഷനിലൂടെയും മാത്രമേ സാധിക്കൂ. എല്ലാവരും ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Post a Comment

Previous Post Next Post