കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഒപ്പൺ സ്റ്റേജിന് സമീപം മണലിൽ പുതഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറു മണിയോടെ ബീച്ചിൽ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. കടലിനോട് ചേർന്നുള്ള താഴ്ന്ന ഭാഗത്ത് മണലിന്റെ നിറത്തിൽ ചെരിഞ്ഞു കിടയ്ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതൊരു കളിപ്പാട്ടമോ പ്രതിമയോ ആണെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ അടുത്തുചെന്ന് നോക്കിയപ്പോഴാണ് നവജാത ശിശുവാണെന്ന് മനസ്സിലായതെന്നും നാട്ടുകാർ പറഞ്ഞു. ഉടൻതന്നെ വിവരം ബീച്ചിലെ സെക്യൂരിറ്റി ജീവനക്കാരെയും തുടർന്ന് പോലീസ് കൺട്രോൾ റൂമിലും വിവരമറിയിച്ചു.
വെള്ളയിൽ പോലീസ് സ്ഥലത്തെത്തി പ്രദേശം സുരക്ഷാവലയത്തിലാക്കുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കും തുടർനടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ആളുകൾ ധാരാളമായി വന്നുപോകുന്ന ഒരു പൊതുസ്ഥലത്ത്, ആരുടെയും ശ്രദ്ധയിൽപ്പെടാതെ മൃതദേഹം എങ്ങനെ എത്തി എന്നതിൽ വലിയ ദുരൂഹത നിലനിൽക്കുന്നുണ്ട്. ജനനശേഷം ഉപേക്ഷിച്ചതാണോ അതോ കൊലപാതകമാണോ എന്ന സംശയത്തിലാണ് പോലീസ്. കുഞ്ഞിന്റെ അമ്മയെയും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലിസ്.
സംഭവസ്ഥലത്തിന് സമീപത്ത് സിസിടിവി ക്യാമറകളില്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയാകുന്നുണ്ടെങ്കിലും, ബീച്ചിലേക്കുള്ള പ്രധാന വഴികളിലെയും പരിസരങ്ങളിലെയും ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. പ്രഭാത സവാരിക്കാരുടെയും പ്രദേശവാസികളുടെയും വിശദമായ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരമാലകളിൽപ്പെട്ട് മൃതദേഹം കരക്കടിഞ്ഞതാകാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ട റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു.