Trending

എം.എസ് ധോനി ഐപിഎല്ലിൽ നിന്നും വിരമിച്ചു; ഇനി സിഎസ്കെയുടെ മെൻ്റർ.


ചെന്നൈ: ഏകദിനത്തിലും ട്വന്റി-20യിലും ഇന്ത്യയെ കിരീടം ചൂടിച്ച ക്യാപ്ടൻ കൂൾ എന്ന എം.എസ് ധോണി ഇനി കാണികളെ ആവേശം കൊള്ളിക്കാനായി ഗ്രൗണ്ടിലിറങ്ങില്ല. ഇന്നലെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്നുകൂടി വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എം.എസ് ധോണി യുഗത്തിനാണ് അന്ത്യം കുറിച്ചത്.

അടുത്ത സീസണിൽ ധോണി ഉണ്ടാവില്ലെന്നും ടീമിന്റെ മെന്ററായിരിക്കുമെന്നും ചെന്നൈ സൂപ്പർ കിംഗ്സ് ഔദ്യോഗികമായി അറിയിച്ചു. മഞ്ഞക്കുപ്പായത്തിലെ 16 സീസണുകൾക്ക് മാത്രമല്ല, കളിക്കാരനെന്ന നിലയിൽ ധോണിയുടെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയർ കൂടിയാണ് ഇതോടെ അവസാനിച്ചത്.

ധോണിയുടെ നായകത്വത്തിലാണ് ഇന്ത്യ ഏകദിനത്തിലും ട്വന്റി-20യിലും ലോക കപ്പുകൾ സ്വന്തമാക്കിയത്. 2008ൽ ചെന്നൈ സൂപ്പർ കിംഗ്സ് രൂപീകരിച്ചപ്പോൾ നായകനായി തുടങ്ങിയ താരം ടീമിനെ വിലക്കിയിരുന്ന രണ്ട് സീസണുകളിൽ ഒഴികെ മഞ്ഞപ്പടയുടെ 'തല"യായിരുന്നു. 2024ൽ റുതുരാജിന് നായകപദവി കൈമാറിയ ധോണി കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്നെങ്കിലും പരിക്കുമൂലം ഒരു കളിയിലും ഇറങ്ങിയിരുന്നില്ല.

ചെന്നൈയെ അഞ്ചുതവണ ഐപിഎൽ ജേതാക്കളും രണ്ടുതവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളുമാക്കിയ നായകനാണ് ധോണി. 2010, 2011, 2018, 2021, 2023 സീസണുകളിലാണ് ഐപിഎൽ കിരീ‌ടം നേടിയത്. 244 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ച ധോണി 145 വിജയങ്ങൾ സമ്മാനിച്ചു.

Post a Comment

Previous Post Next Post