കോഴിക്കോട്: കോഴിക്കോട് പുതിയറയിൽ കാർ ഷോറൂമിലേക്ക് വാഹനം ഇടിച്ചുകയറ്റി. ജീവനക്കാർ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. വാഹനം ഓടിച്ച വെസ്റ്റ്ഹിൽ സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പുതിയറയിൽ പ്രവർത്തിക്കുന്ന ഹ്യുണ്ടായ് ഷോറൂമിലേക്കാണ് പജേറോ വാഹനം അതിവേഗത്തിൽ ഇടിച്ചു കയറ്റിയത്. വാഹനം ഓടിച്ചയാൾ അസ്വാഭാവികമായാണ് സംസാരിച്ചിരുന്നത്. അയാൾ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഒരു ജീവനക്കാരൻ പറഞ്ഞു.
എന്നാൽ ഇത് അബദ്ധത്തിലൊന്നും സംഭവിച്ചതല്ലെന്നും മനപ്പൂർവ്വം ചെയ്തതാണെന്നുമാണ് ജീവനക്കാരുടെ പക്ഷം. ഷോറൂമിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ താത്കാലിക സെറ്റപ്പിലായിരുന്നു പ്രവർത്തനം. അപകട സമയത്ത് നിരവധി ജീവനക്കാരും ഉപഭോക്താക്കളും ഷോറൂമിനുള്ളിൽ ഉണ്ടായിരുന്നു. ഷോറൂമിലെ വസ്തുക്കൾക്കും മാറ്റിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വാഹനത്തിൽ രണ്ട് പേരുണ്ടായിരുന്നു. ഡ്രൈവറെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്നയാൾ പോലീസ് എത്തുന്നതിന് മുൻപ് മതിൽ ചാടി രക്ഷപ്പെട്ടു.