ബാലുശ്ശേരി: വീട് ജപ്തിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പേരാമ്പ്ര സ്വദേശി കവിതയുടെ മൃതദേഹവുമായി നടുവണ്ണൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ ജനകീയപ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തിയ സംഭവത്തില്‍ രണ്ടു വകുപ്പുകൾ പ്രകാരം ബാലുശ്ശേരി പോലിസ് കേസെടുത്തു.
റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിന് ആറു പേരുള്‍പ്പടെ കണ്ടാലറിയുന്ന 200 -ളം പേര്‍ക്കെതിരെയും, പോലീസ് ബാരിക്കേഡ് തകര്‍ത്ത് ബാങ്കിനുള്ളിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിന് പത്തു പേരുള്‍പ്പടെ കണ്ടാലറിയുന്ന 200- ളം പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
കവിതയുടെ മൃതദേഹം നടുവണ്ണൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിനു മുന്നിലെത്തിച്ച് 11 മണി മുതല്‍ നാലു മണിക്കൂറോളം പേരാമ്പ്ര- കോഴിക്കോട് റൂട്ടിലെ വാഹനങ്ങള്‍ തടഞ്ഞിട്ടിരുന്നു. പലതവണ പോലീസ് സമരക്കാരെ റോഡില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ ശക്തമായി പ്രതിരോധിക്കുകയായിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രശ്‌ന പരിഹാരമുണ്ടായത്.