പൂനൂർ: അപകടത്തിൽ തകർന്ന പൂനൂർ ബസ് സ്റ്റോപ്പ് പുനർനിർമ്മിക്കാൻ ഒന്നര മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദിനംപ്രതി ആയിരത്തോളം യാത്രക്കാരും വിദ്യാർത്ഥികളും ആശ്രയിക്കുന്ന ബസ് സ്റ്റോപ്പ് ഇപ്പോഴും തകർന്ന നിലയിൽ തന്നെയാണ് കിടക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 03-നായിരുന്നു സംസ്ഥാനപാതയിൽ പൂനൂർ മുജാഹിദ് പള്ളിക്ക് സമീപമുള്ള ബസ് സ്റ്റോപ്പ് കാർ ഇടിച്ചു തകർന്നത്. അപകടത്തിൽ ഒരു വിദ്യാർത്ഥിനിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, അപകടം നടന്ന് ഒന്നര മാസത്തോളമായിട്ടും ബസ് സ്റ്റോപ്പ് പുനർനിർമ്മിക്കാനോ യാത്രക്കാർക്ക് താൽക്കാലിക സൗകര്യമൊരുക്കാനോ ഉണ്ണികുളം പഞ്ചായത്ത് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ വെയിലും മഴയുമേറ്റ് റോഡരികിൽ ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ് വിദ്യാർത്ഥികളും രോഗികളുമടക്കമുള്ള നൂറുകണക്കിന് യാത്രക്കാർ.
പഞ്ചായത്ത് അധികാരികളുടെ പൂനൂരിനോടുള്ള ഈ അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ പൂനൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പൂനൂരിൽ പ്രതിഷേധ പ്രകടനവും സ്ട്രീറ്റ് യോഗവും സംഘടിപ്പിച്ചിരുന്നു. യാത്രക്കാരുടെ ദുരിതത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഡിവൈഎഫ്ഐ ഭാരവാഹികൾ അറിയിച്ചു.