പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. നരിക്കുനി പാലങ്ങാട് കൊടോളി ഒടുപാറയ്ക്കൽപൊയിൽ ആഖിൽ നാസിം (21) ആണ് മരിച്ചത്. എസ്എസ്എഫ് പാലങ്ങാട് സെക്ടർ സെക്രട്ടറിയാണ്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കല്ലോട് ബൈപ്പാസിലെ കയറ്റത്തിലാണ് അപകടം. കുറ്റ്യാടി ഭാഗത്തുനിന്ന് ദിശ തെറ്റിവന്ന കാർ, എതിർദിശയിൽ കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന മറ്റൊരു കാറിലും യുവാവിൻ്റെ ബൈക്കിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മറ്റാർക്കും പരിക്കില്ല. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പിതാവ്: മുഹമ്മദ് യൂസുഫ്. (ഗ്രാൻറ് ടൈൽസ് നരിക്കുനി). മാതാവ്: ഹർഷിദ. സഹോദരങ്ങൾ: അഹമ്മദ് സിനാൻ, അദ്നാൻ യൂസുഫ്.