Trending

രേഖകളെല്ലാം വ്യാജം; സ്പായിൽ ജോലി ചെയ്യുന്ന യുവതികളടക്കം 3 ബംഗ്ലാദേശികൾ കോഴിക്കോട്ട് പിടിയിൽ.


കോഴിക്കോട്: വ്യാജ തിരിച്ചറിയൽ രേഖകളുമായി രണ്ട് സ്ത്രീകളടക്കം മൂന്ന് ബംഗ്ലദേശി പൗരന്മാർ പിടിയില്‍. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപം വാടകറൂമിൽ താമസിച്ചുവന്ന റാബി ഷേക്ക്, ഭാര്യ റൗഷനരാ, ബീഗം പപ്പിയ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ഈ ഭാഗത്ത് അതിഥി തൊഴിലാളികൾ തമ്മിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയാണ് വഴിത്തിരിവായത്.

ചോദ്യം ചെയ്യലില്‍ റാബി ഷേക്ക് ബംഗ്ലദേശ് പൗരനാണെന്ന് വ്യക്തമായി. ഒപ്പമുണ്ടായിരുന്ന സ്ത്രീകളും ബംഗ്ലദേശ് സ്വദേശികളാണെന്ന് കണ്ടെത്തി. തുടർന്ന് മൂവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ബംഗളൂരുവിലെത്തി ഇവര്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിക്കുകയായിരുന്നു. നാലുമാസം ബംഗളൂരുവിൽ കഴിഞ്ഞതിന് ശേഷമാണ് കോഴിക്കോട് എത്തിയത്.

കഴിഞ്ഞ ഒരു മാസമായിട്ട് റാബി ഷേക്ക് പുതിയ പാലത്തെ വെൽഡിംഗ് വർക്ക്ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. തൊണ്ടയാട്, നടക്കാവ്, എരഞ്ഞിപ്പാലം തുടങ്ങിയ കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സ്പാകളിലായിരുന്നു ഭാര്യ റൗഷനരാ ബീഗം ജോലി ചെയ്തിരുന്നത്. പപ്പിയ പത്ത് ദിവസം മുമ്പാണ് കോഴിക്കോട് എത്തിയത്. ഏഴു ദിവസമായി തൊണ്ടയാടുള്ള സ്പായിലാണ് ജോലി.

ബംഗളൂരുവിൽ നിന്നും കൊൽക്കത്തയിലെ വിലാസത്തിൽ ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ ഐഡികാർഡ് എന്നിവ ഇവർ വ്യാജമായി നിർമ്മിച്ചിട്ടുണ്ടെന്ന് പോലിസിന്റെ ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. ഇതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും വ്യാജരേഖകൾ ഇവരുടെ കൈവശമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

Previous Post Next Post