തിരുവനന്തപുരം: സംസ്ഥാത്ത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. തൊഴിലില്ലായ്മയും ഇറാൻ- യുഎസ് യുദ്ധത്തെ തുടർന്നുണ്ടായ പശ്ചിമേഷ്യൻ പ്രതിസന്ധിയും നിത്യജീവിതത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നതിനിടയിലാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും. അരി, പലവ്യഞ്ജനം, പച്ചക്കറി, പഴങ്ങൾ എന്നിവയ്ക്ക് വില ഉയർന്നുകൊണ്ടിരിക്കുകയാണ്. പാൽ, മുട്ട എന്നിവയ്ക്ക് നേരത്തെ തന്നെ വില കൂടിയിട്ടുണ്ട്.
ഓണം കഴിഞ്ഞിട്ടും നേന്ത്രപ്പഴത്തിന് വില കുറഞ്ഞില്ലെന്ന് മാത്രമല്ല കിലോ 85 രൂപയിലേക്ക് ഉയർന്നു. 67 രൂപയായിരുന്ന പൊന്നി അരിയുടെ വില 78-ൽ എത്തി. കുറുവ അരിക്ക് 50-നും 60-നും ഇടയിലാണ് ചില്ലറ വില. 280 രൂപയുടെ വറ്റൽ മുളകിന് ചില്ലറവില 430 വരെ എത്തി. പിരിമുളക് (ബേടകി) വില 350-ൽ നിന്നും 700 രൂപയിലെത്തി. പരിപ്പു വില 118-ൽ നിന്നും 145 വരെ എത്തി. സെക്കൻഡ് ക്വാളിറ്റി പരിപ്പിനാകട്ടെ കിലോയ്ക്ക് വില 135 ആണ്. പഞ്ചസാര വില വീണ്ടും 65-ലേക്ക് എത്തുകയാണ്. നേരത്തെ 45 രൂപയുണ്ടായിരുന്ന പഞ്ചസാരക്ക് വില 65-ൽ എത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചകളിൽ ഇത് 58-ലേക്ക് താഴ്ന്നുവെങ്കിലും ശനിയാഴ്ച പിന്നെയും കൂടി. പച്ചക്കറി വിലയും കീശ കാലിയാക്കും വിധത്തിലാണ്. തക്കാളി 35, വലിയുള്ളി 55, മല്ലിച്ചപ്പ്-പൊതീന 150, ബീൻസ് 100, പയർ 80, പച്ചമുളക് 60, വെളുത്തുള്ളി 200, കൈപ്പക്ക 90, ഇഞ്ചി 200, കപ്പ 40 എന്നിങ്ങനെയാണ് ഒരു കിലോയുടെ വില. ചെറുനാരങ്ങ കിലോയ്ക്ക് വില 200 ആണ്. നിർമ്മാണ മേഖലയിലെ സ്തംഭനാവസ്ഥ തൊഴിൽ ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് വിലക്കയറ്റവും.
വിലവിവരപ്പട്ടിക.
പൊന്നി അരി: 78, കുറുവ അരി: 55-60, പഞ്ചസാര: 56-60, ഓയിൽ: 185, പാമോയിൽ: 170, വറ്റൽ മുളക്: 430, നേന്ത്രപ്പഴം: 85, തക്കാളി: 35, സവാള: 55, കപ്പ: 40, വെളുത്തുള്ളി: 200, ഇഞ്ചി: 200, ബീൻസ്: 100, കൈപ്പക്ക: 90, ചെറിയുള്ളി: 120, കോഴിമുട്ട: 6.50, ആണിപ്പൂവൻ: 90, മൈസൂർ പഴം: 50.