Trending

വയലട നാച്യുറൽ പാർക്ക്‌ കാടുമൂടി നശിക്കുന്നു; കാട് വെട്ടിത്തെളിച്ച് ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ശക്തം.

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ വയലട വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തുന്ന സഞ്ചാരികൾക്കായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഡിടിപിസിയുടെ നാച്യുറൽ പാർക്ക് കാടുമൂടി നശിക്കുന്നു. കോട്ടക്കുന്ന് ആദിവാസി കോളനിക്ക് അടുത്ത് റോഡരികിൽ നിർമ്മിച്ച നാച്യുറൽ പാർക്കാണ് അധികൃതരുടെ പരിപാലനമില്ലാതെ വന്യമൃഗങ്ങളുടെ താവളമായി മാറിക്കൊണ്ടിരിക്കുന്നത്. വയലട കൂരാച്ചുണ്ട് റോഡിൽ നിന്ന് അരക്കിലോമീറ്ററോളം മലമുകളിലേക്ക് സഞ്ചാരിച്ചാൽ ഈ പാർക്കിലെത്താം. വയലട വ്യൂ പോയിന്റിലേക്ക് നടന്നു ക്ഷീണിക്കുമ്പോൾ സഞ്ചാരികൾക്ക് വിശ്രമിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) നേതൃത്വത്തിൽ ഈ പാർക്ക് ഒരുക്കിയത്. 

പൂർണ്ണമായും ടൈല് പാകി മനോഹരമാക്കിയ പാർക്കിൽ രണ്ടു വിശ്രമകേന്ദ്രങ്ങളും പത്തോളം ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരുന്നു. മുൻ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ആയിരുന്നു പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് ഒട്ടേറേപ്പേർ ഇവിടെ വിശ്രമത്തിനായി എത്തിയിരുന്നു. എന്നാൽ, പിന്നീട് പരിപാലിക്കാൻ ആളില്ലാതായതോടെയാണ് കാടുമൂടാൻ തുടങ്ങിയത്. നിലവിൽ പാർക്കിൽ നിർമ്മിച്ച ഇരിപ്പിടങ്ങളും വിശ്രമകേന്ദ്രങ്ങളും പൂർണ്ണമായും കാടിനുള്ളിലായ അവസ്ഥയിലാണ്. ഇവിടേക്ക് പ്രവേശിക്കാൻപോലും കഴിയാത്തവിധം മുൾച്ചെടികൾ വളർന്നു പന്തലിച്ചിരിക്കുന്നു. പാർക്കിൽ നിന്ന് അരക്കിലോമീറ്റർ കൂടി മുന്നോട്ടു പോയാൽ കോട്ടക്കുന്ന് ആദിവാസി കോളനിയും മുള്ളൻപാറ വ്യൂ പോയിന്റുമുണ്ട്. 

ഒരുവശത്ത് വയലടയെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ വലിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ, മറുവശത്ത് നിർമ്മിച്ച അടിസ്ഥാന സൗകര്യങ്ങൾ നശിച്ചുപോകുന്നത് സഞ്ചാരികളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പാർക്കിലെ കാട് വെട്ടിത്തെളിച്ച് ഇരിപ്പിടങ്ങൾ വീണ്ടും ഉപയോഗപ്രദമാക്കണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം. പാർക്കിന്റെ മുന്നോട്ടുള്ള സംരക്ഷണത്തിന് സന്ദർശകരിൽ നിന്ന് ചെറിയൊരു തുക ഈടാക്കുന്നതു വഴി സ്ഥിരമായൊരു വരുമാന മാർഗ്ഗം കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

Post a Comment

Previous Post Next Post