കുന്ദമംഗലം: ചാത്തമംഗലത്ത് പോലീസിന്റെ വാഹനപരിശോധനക്കിടെ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. പേരാമ്പ്ര പള്ളിച്ചാലിൽ അഫ്നാസ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങൽ റിൻഷാ ഫാത്തിമ (23) എന്നിവരാണ് കുന്ദമംഗലം പോലീസിൻ്റെ പിടിയിലായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ചാത്തമംഗലം എൻഐടിയിൽ നടക്കുന്ന തത്വ-2026 ന്റെ സുരക്ഷയുടെ ഭാഗമായായിട്ടായിരുന്നു കുന്ദമംഗലം എസ്ഐ ഏലിയാസിൻ്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തിയത്.
പരിശോധനക്കിടെ സംശയകരമായ സാഹചര്യത്തിൽ വന്ന കാറിന് കൈ കാണിച്ചു. എന്നാൽ പോലീസിനെ കണ്ടതോടെ കാർ അതിവേഗത്തിൽ നിർത്താതെ ഓടിച്ചുപോയി. ഉടൻതന്നെ പോലീസ് വാഹനത്തെ പിന്തുടർന്നു ജീപ്പുമായി പുറകെ വിട്ടു. കാർ പിന്നീട് എൻഐടി മെഗാ ഹോസ്റ്റലിന് സമീപമുള്ള അപ്പാർട്ട്മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പോലീസ് കാറിൽ നടത്തിയ പരിശോധനയിൽ വിപണിയിൽ 50,000 രൂപയോളം വിലവരുന്ന 11.90ഗ്രാം എംഡിഎംഎ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ഇരുവരെയും കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
പിടിയിലായ അഫ്നാസിന്റെ പേരിൽ പതിനൊന്നോളം കേസുകൾ നിലവിലുണ്ട് കൂടാതെ കാപ്പാ കേസിലെ പ്രതി കൂടിയാണ് അഫ്നാസ്. റിൻഷാ ഫാത്തിമയുടെ പേരിലും മൂന്ന് കേസുകൾ നിലവിലുണ്ട്. തത്വ-2026 ഭാഗമായി എൻഐടിയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ലഹരി വില്പന നടത്താൻ വേണ്ടിയാണ് രണ്ടുപേരും ചാത്തമംഗലത്ത് എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.