Trending

കാക്കൂരിൽ മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു.


കാക്കൂർ: മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. ഇന്ന് പുലർച്ചെയോടെ കാക്കൂർ പാവണ്ടൂരിലാണ് സംഭവം. പാവണ്ടൂർ സ്‌കൂളിന് സമീപം പാടിമലയിൽ രാമദാസിന്റെ വീടിനാണ് മകൻ അനുവിന്ദ് തീയിട്ടത്. വിവരമറിഞ്ഞ് നരിക്കുനിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം തീ പൂർണ്ണമായും അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. വീട് ഭാഗികമായി കത്തിനശിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ നശിച്ചുപോയതായി രാമദാസ് പറഞ്ഞു. 

യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞു. പതിവുപോലെ മദ്യപിച്ചെത്തിയ അനുവിന്ദ് പിതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും കൈയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് വീടിന് തീയിടുകയുമായിരുന്നു. സംഭവത്തിൽ കാക്കൂർ പോലീസ് അനുവിന്ദിനെ കസ്റ്റഡിയിലെടുത്തു കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ലഹരിക്കെതിരെ നടത്തുന്ന ഓപ്പറേഷൻ തൂഫാനിൽ ഉൾപ്പെടുത്തി യുവാവിൻ്റെ ലഹരി ലഭ്യതയെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്താൻ പോലീസ് തയ്യാറാകണമെന്ന് നാട്ടുകാർ കാക്കൂർ പോലീസിനോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post