Trending

പ്രിയദർശിനി ബസ്സിൽ വിദ്യാർത്ഥിനിക്ക് അവഹേളനം; ഗുരുതര വീഴ്ച, കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.


തിരുവനന്തപുരം: തിരുവനന്തപുരം പറവൂരിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ്സിൽ യാത്രക്കിടെ പ്ലസ്ടു വിദ്യാർത്ഥിനിയെ അപമാനിച്ച കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇന്നലെ ഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ‌ഡിപ്പോയിലെ ആർഎസ്എ-173 പ്രിയദർശിനി ബസ്സിലാണ് പെൺകുട്ടിക്ക് ദുരനുഭവമുണ്ടായത്. 

ടിക്കറ്റ് ആവശ്യപ്പെട്ട തന്നെ കണ്ടക്ടർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തുവെന്നാണ് പെൺകുട്ടി പറവൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇതിനെ കണ്ടാൽ പെണ്ണായി തോന്നുമോ എന്ന് കണ്ടക്ടർ യാത്രക്കാരോട് ചോദിക്കുകയും അവരുടെ മുന്നിൽ വെച്ച് അവഹേളിച്ചെന്നും വിദ്യാർത്ഥിനി പറയുന്നു. ഇത് നാണക്കേടും മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കിയെന്നും അതിനാൽ നടപടിയെടുത്ത് തനിക്ക് നീതി ഉറപ്പാക്കണമെന്നും വിദ്യാർത്ഥിനി പരാതിയിൽ ആവശ്യപ്പെടുന്നു. 

പരാതി ശ്രദ്ധയിൽപ്പെട്ട കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം നടത്തുകയും കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കറിന്റെ നിർ‌ദ്ദേശപ്രകാരം കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രമോജ് ശങ്കർ വ്യക്താക്കി. ബസ്സിൽ യാത്ര ചെയ്യുന്നവരോട് മാന്യമായും സൗഹാർദ്ദപരമായും പെരുമാറേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്വമാണ്. ഇത്തരം പരാതികൾ ഗൗരവമായി പരിശോധിച്ച് കുറ്റക്കാർക്കെതിരെ നിയമനുസൃതമായ നടപടി ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post