Trending

ബാങ്ക് പണിമുടക്ക് പിൻവലിച്ചു; മൂന്നു ദിവസത്തെ സമരം മാറ്റിവെച്ചതായി സംഘടനകൾ.


ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് പിൻവലിച്ചു. അഞ്ചു ദിവസം പ്രവൃത്തിദിനമാക്കുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ തിങ്കളാഴ്ച മുതൽ മൂന്നു ദിവസത്തെ രാജ്യവ്യാപക പണിമുടക്കായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടന കൂട്ടായ്മയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യുഎഫ്ബിയു) പിന്നീട് സമരം താൽക്കാലികമായി മാറ്റിവെച്ചതായി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ നിർണായക ചർച്ചകൾക്ക് ശേഷമാണ് തീരുമാനമായത്. പ്രവൃത്തി ദിനങ്ങൾ അഞ്ചു ദിവസമാക്കി ചുരുക്കാൻ തത്വത്തിൽ ധാരണയായെന്നാണ് സൂചന. മൂന്ന് ദിവസത്തെ സമരത്തിന്‍റെ ഭാഗമായി ഞായറാഴ്ച ബാങ്കുകൾ‌ തുറന്ന് പ്രവർത്തിച്ചിരുന്നു.

സമരം പിൻവലിച്ചതോടെ ഇന്നു മുതൽ രാജ്യത്തെ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. ബാങ്കുകളിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കുന്നതിന് ബാക്കിയുള്ള ശനിയാഴ്ചകൾ കൂടി അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപവത്കരിക്കാൻ യോഗത്തിൽ ധാരണയായി. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ, വിഷയങ്ങൾ പരിഹരിക്കാൻ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും.

ഈ മാസം 11ന് രാജ്യവ്യാപകമായി നടത്തിയിരുന്ന ഏകദിന പണിമുടക്കിന്റെ തുടർച്ചയായാണ് മൂന്നു ദിവസത്തെ സമരം പ്രഖ്യാപിച്ചിരുന്നത്. പണിമുടക്കിനെ തുടർന്ന് സേവനങ്ങൾ തടസ്സപ്പെട്ടേക്കുമെന്ന് എസ്ബിഐ ഉൾപ്പെടെയുള്ള പൊതുമേഖല ബാങ്കുകൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അത്യാവശ്യ ബാങ്കിങ് ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കണമെന്നും പണത്തിനായി എടിഎം/എഡിഡബ്ല്യു.എം സംവിധാനങ്ങളും മറ്റ് ആവശ്യങ്ങൾക്ക് യുപിഐ, ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളും ഉപയോഗിക്കണമെന്നുമായിരുന്നു എസ്ബിഐ നിർദ്ദേശം.

Post a Comment

Previous Post Next Post