Trending

മൂന്നാറില്‍ കുരിശില്‍ കയറി ഫോട്ടോഷൂട്ട്: ഉണ്ണികുളം, താമരശ്ശേരി സ്വദേശികളായ യുവാക്കൾ അറസ്റ്റില്‍.


ഇടുക്കി: മൂന്നാറിൽ മലനിരകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കല്‍ക്കുരിശില്‍ കയറി ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ നാലു യുവാക്കൾ അറസ്റ്റിൽ. ഉണ്ണികുളം സ്വദേശി മുഹമ്മദ് അജ്മിന്‍, പുതുപ്പാടി സ്വദേശി മുഹമ്മദ് നിസാന്‍, താമരശ്ശേരി സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് മുഖ്താര്‍ എന്നിവരെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബര്‍ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നാർ പള്ളിവാസലില്‍ നീലക്കുറിഞ്ഞി പൂത്തത് കാണാനെത്തിയ സംഘം, പ്രദേശത്തെ സെന്റ് ആന്റ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട് മലമുകളില്‍ സ്ഥാപിച്ചിരുന്ന കുരിശിൽ കയറിനിന്ന് മൊബൈലിൽ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. സാധാരണയായി പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മേഖലയാണിത്.

തുടര്‍ന്ന് ഈ ചിത്രങ്ങളും ദൃശ്യങ്ങളും ഇവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവം വിവാദത്തിന് വഴിവെക്കുകയും ക്രൈസ്തവ സമൂഹത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. മൂന്നാര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

മതവികാരം വ്രണപ്പെടുത്തിയത് അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ രീതിയില്‍ ആരാധനാ ചിഹ്നങ്ങളെ അപമാനിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post