കോഴിക്കോട്: രാമനാട്ടുകരയിലെ ജ്വല്ലറിയിൽ ഗൂഗിൾപേ വഴി പണമയച്ചതിൻ്റെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് സ്വർണവുമായി മുങ്ങിയ പ്രതി പിടിയിൽ. നന്മണ്ട സ്വദേശി സബിത്തിനെ (29) യാണ് ഫറോക്ക് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന കിസ്മത്ത് ജ്വല്ലറിയിൽ നിന്നും ഗൂഗിൾപേ വഴി പണമയച്ചതിൻ്റെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് 1.2 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ബ്രേസ്‌ലെറ്റുമായാണ് പ്രതി മുങ്ങിയത്.
പോലീസിന്റെ കണ്ണ് വെട്ടിക്കുന്നതിന് വേണ്ടി കോഴിക്കോട്, ഇടുക്കി ഭാഗങ്ങളിൽ മാറിമാറി താമസിച്ചു വരികയായിരുന്നു ഇയാൾ. നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുമായിരുന്നു പോലീസ് അന്വേഷണം. കൂടാതെ സംസ്ഥാനത്തെ മറ്റു പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ സമാനമായ വിധത്തിൽ മോഷണം നടന്നിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു. തുടർന്നാണ് പോലീസിന് പ്രതിയെ കുറിച്ചു സൂചന ലഭിക്കുന്നതും പിടികൂടുന്നതും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫറോക്ക് പോലീസും സ്പെഷ്യൽ സ്ക്വാർഡും ചേർന്നായിരുന്നു അന്വേഷണം നടത്തിയത്. ഫറോക്ക് എസ്ഐമാരായ മിഥുൻ, പി.സി സുജിത്ത്, എസ് ഷാജി, സിപിഒ മാരായ അഷീദ്, യശ്വന്ത്, സൈബർ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശൈലേഷ്, ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണറുടെ കീഴിലുള്ള സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺകുമാർ മാത്തറ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഐ.ടി വിനോദ്, സനീഷ് പന്തീരാങ്കാവ്, അനൂജ് വളയനാട്, സിവിൽ പോലീസ് ഓഫീസർമാരായ സുബീഷ് വേങ്ങേരി, അഖിൽ, എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.