മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. എടവക കരിന്തിരിക്കടവ് പാറച്ചാലിൽ ജോണിന്റെയും പരേതയായ മേരിയുടെയും മകൻ ദീപു ജോൺ (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45ഓടെ മാനന്തവാടിയിലായിരുന്നു അപകടം.
ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് ബുള്ളറ്റിൽ വരികയായിരുന്ന ദീപു, ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിന് മുന്നിൽവെച്ച് തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് തെറിച്ചുവീണ ദീപു എതിരേ വന്ന റിക്കവറി വാഹനത്തിനടിയിൽപ്പെട്ട് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഭാര്യ: ഡോ. എമിലി (ദുബായ്). ഒരു മകനുണ്ട്. സഹോദരി: ദിവ്യ ജോൺ.