തൊടുപുഴ: ചാർട്ടേഡ് വിമാനയാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി സതീശൻ. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ സംബന്ധിച്ച അവലോകന യോഗം പൂർത്തിയാക്കി പുറത്തേക്കെത്തിയ മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ വിമാനയാത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിശദീകരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
മുന്നിൽ നിന്ന് മാറിനിൽക്കണമെന്നും താൻ ആരെയും കാണുന്നില്ലെന്നും മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരെ അവിടെ നിന്ന് മാറ്റാൻ പോലീസിനോടും അദ്ദേഹം നിർദ്ദേശിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണെന്നും പരാതികളുമായി എത്തിയവരെ കാണാനാണ് താൽപര്യമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കിയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ജില്ലയിലെത്തിയത്. അവലോകന യോഗത്തിന് പിന്നാലെ പൊതുജനങ്ങളിൽ നിന്ന് നിവേദനങ്ങളും കൈപ്പറ്റി.
അതേസമയം, നിലമ്പൂരിലെ മഴക്കെടുതി ബാധിച്ച മേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി ചാർട്ടേഡ് വിമാനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദമുയർന്നത്. വിമാനം നൽകിയ കേലചന്ദ്ര ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിൽ നിന്ന് 19,88,595 രൂപയുടെ ബിൽ ചിപ്സൺ ഏവിയേഷനിലേക്ക് നൽകിയെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ ഈ തുക ചിപ്സൺ ഏവിയേഷൻ അടച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് സർക്കാർ വഹിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് സ്‌പോൺസർഷിപ്പ് സംവിധാനം ഉപയോഗിക്കുന്നതെന്നും സ്‌പോൺസർഷിപ്പ് നൽകുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേര് വെളിപ്പെടുത്തേണ്ട സാഹചര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നേരത്തെയുള്ള പ്രതികരണം.
മുൻ സർക്കാർ പ്രതിമാസം 80 ലക്ഷം രൂപ നിരക്കിൽ വാടകയ്ക്ക് എടുത്തിരുന്ന ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്ടറിൻ്റെ കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷ ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലാണ്. സർക്കാരുമായി കരാർ പുതുക്കാനുള്ള അപേക്ഷ പരിഗണനയിലിരിക്കെ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്ന് സൗജന്യമായി യാത്രാസൗകര്യം സ്വീകരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനത്തിന് തുല്യമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.