Trending

കൂടത്തായി സ്കൂളിൽ വീണ്ടും റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം, 4 പേർക്ക് സസ്പെൻഷൻ.

താമരശ്ശേരി: കൂടത്തായിയിലെ സെന്റ് മേരീസ് ഹൈസ്കൂളിൽ വീണ്ടും റാഗിങ് പരാതി. ഒമ്പതാം ക്ലാസുകാരനെ സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി പത്താം ക്ലാസ് വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തിൽ റാഗിങിന് ഇരയായ വിദ്യാർത്ഥി ഇതിനോടകം തന്നെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

മർദ്ദനത്തിന് പിന്നാലെ ശരീരത്തിൽ സ്റ്റിക്കർ ഒട്ടിച്ച ശേഷം അത് മായ്ക്കണമെങ്കിൽ 200 രൂപ ഫൈൻ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറഞ്ഞു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി വിദ്യാർത്ഥികളുടെ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായും, കളിയാക്കലുകൾ നേരിടേണ്ടി വന്നതായും ഒടുവിൽ ഭയം മൂലം പണം നൽകിയാണ് സ്റ്റിക്കർ ഇളക്കിമാറ്റിയതെന്നും സ്കൂളിൽ പോകാൻ ഭയമാണെന്നും കുട്ടി പറയുന്നു.

പരാതി നൽകിയതിനെ തുടർന്ന് കുറ്റക്കാരായ നാല് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. അതേസമയം, കേസിൽ ഉൾപ്പെട്ട മൂന്നോളം വിദ്യാർത്ഥികൾ നാളെ സ്കൂളിൽ നിന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ മാസം കൂടത്തായിയിൽ നിന്നുണ്ടാകുന്ന രണ്ടാമത്തെ റാഗിങ് പരാതിയാണിത്.

ഇതിനുമുമ്പ് ഇതേ സ്കൂളിലെ ഒൻപതാം ക്ലാസുകാരിയെ പത്താം ക്ലാസ് വിദ്യാർത്ഥിനികൾ മർദ്ദിച്ചിരുന്നു. സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിൽ വിദ്യാർത്ഥിനികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് അധ്യാപകരെ അറിയിക്കുമെന്ന് പറഞ്ഞതാണ് സീനിയർ വിദ്യാർത്ഥിനികളുടെ വിരോധത്തിന് കാരണമായത്. ആരോപണവിധേയരായ രണ്ടുപേരെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post