താമരശ്ശേരി: സ്വകാര്യ ബസ് സഡൺ ബ്രേക്കിട്ടതിനെ തുടർന്ന് സീറ്റിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരായ സ്ത്രീക്കും, കുഞ്ഞിനും പരിക്ക്. അടിവാരം സ്വദേശിനി സലീന, ഹാരിസിൻ്റെ മകൻ ഹൈസിൻ എന്നിവർക്കാണ് പരിക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം വെച്ചായിരുന്നു സംഭവം. ബസ്സിലെ മൂന്നാമത്തെ സീറ്റിൽ ഇരിക്കുകയായിരുന്ന ഇരുവരും തെറിച്ച് ഡ്രൈവർ സീറ്റ് വരെ എത്തിയിരുന്നു.
കൊയിലാണ്ടി- താമരശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ എസ്റ്റേറ്റ് മുക്കിൽ നിന്നും താമരശ്ശേരിക്ക് കയറിയതായിരുന്നു ഇവർ. അവിടം മുതൽ അമിത വേഗതയിലായിരുന്നു ബസ്സെന്ന് സലീന പറയുന്നു. എന്നാൽ ബസ്സിൻ്റെ മുന്നിൽ കാർ വന്നുപെട്ടതാണ് സഡൺ ബ്രേക്കിടാൻ കാരണമെന്നാണ് കണ്ടക്ടർ പറയുന്നത്. പരിക്കേറ്റ സലീനയും കുഞ്ഞും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.