ചേമഞ്ചേരി: കണ്ണൂർ- കോഴിക്കോട് ദേശീയപാത ചേമഞ്ചേരി വെങ്ങളത്ത് ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ് ഡ്രൈവറും വിദ്യാർത്ഥികളുമടക്കം ഒൻപത് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരിക്ക് സാരമുളളതാണ്. ഇന്ന് രാവിലെ 7.45-ഓടെ വെങ്ങളം പാലത്തിലായിരുന്നു അപകടം.
കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പർ ലോറിയുമാണ് പാലത്തിൽ വെച്ച് നേർക്കുനേർ കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരായ ഏഴു പേരെ സമീപത്തെ ആശുപത്രിയിലേക്കും മറ്റു രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.
അപകടത്തില്‍ സ്വകാര്യ ബസ്സിന്റെ മുന്‍ഭാഗത്തെ ചില്ലും മറ്റും തകര്‍ന്നിട്ടുണ്ട്. ടിപ്പര്‍ ലോറി ബ്രേക്കിട്ടപ്പോൾ സ്ലിപ്പായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ ഏറെനേരം ഗതാഗത തടസ്സം നേരിട്ടു. പിന്നീട് കൊയിലാണ്ടി പോലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.