Trending

ഉദ്ഘാടനം കഴിഞ്ഞു, പണി കഴിഞ്ഞില്ല; മാനഞ്ചിറ-വെള്ളിമാടുകുന്ന് പാതയിൽ കാൽനടയാത്രക്കാർക്ക് ഭീഷണി.


കോഴിക്കോട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മാനഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് തുറന്നെങ്കിലും യാത്രാദുരിതത്തിന് ഇനിയും അറുതിയായില്ല. റോഡിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം കഴിഞ്ഞിട്ടും നിർമ്മാണപ്രവൃത്തികൾ പല ഭാഗങ്ങളിലും പൂർത്തിയാകാത്തതാണ് യാത്രക്കാർക്ക് തിരിച്ചടിയാകുന്നത്. ഓടകൾക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കുന്നതും നടപ്പാത ഒരുക്കുന്നതുമടക്കം പ്രധാന ജോലികൾ ഇനിയും പലയിടത്തും ബാക്കിയാണ്.

നിർമ്മാണം പൂർത്തിയാകാത്തതിനാൽ പലയിടത്തും ഓടകൾ തുറന്നുകിടക്കുകയാണ്. ഓടയ്ക്കുള്ളിൽനിന്ന് കൂർപ്പുള്ള കമ്പിക്കഷ്ണങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്ന സ്ഥിതിയുമുണ്ട്. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഇത് അപകടഭീഷണിയാകുകയാണ്. കാൽതെറ്റി ഓടയിൽ വീണ് പരിക്കേൽക്കുന്ന സംഭവങ്ങളും പതിവാണ്. പല ഭാഗങ്ങളിലും പൂർത്തിയാകാത്ത സ്ലാബുകൾക്ക് മുകളിലേക്കാണ് യാത്രക്കാർ ഇറങ്ങേണ്ടിവരുന്നത്. 

നഗരത്തിലെ പ്രധാന ഗതാഗതപാതയായിരുന്നിട്ടും നേരത്തെ റോഡിന് മതിയായ വീതിയില്ലാത്തത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ പലപ്പോഴും ഗതാഗതം പൂർണമായി തടസ്സപ്പെടുന്ന അവസ്ഥയുമുണ്ടായിരുന്നു. റോഡ് വികസനത്തോടെ വീതി വർദ്ധിക്കുകയും ഇരുവശത്തും ശാസ്ത്രീയമായ ഓടകളും സുരക്ഷിതമായ നടപ്പാതകളും വരികയും ചെയ്യുന്നതോടെ യാത്രാദുരിതം മാറുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ നിർമ്മാണം പൂർണമാകുന്നതിന് മുമ്പുള്ള ഉദ്ഘാടനം പ്രതീക്ഷകൾക്ക് തിരിച്ചടിയായി.

Post a Comment

Previous Post Next Post