കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച യുവാവിൻ്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ. ചാമുണ്ടിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (25) സിപ്പ് ലൈൻ ഓപ്പറേറ്ററാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയിൽ പ്രവേശിച്ചത്. ശനിയാഴ്ച വിനോദസഞ്ചാരികളെ കയറ്റുന്നതിനിടെ കേബിൾ കുരുങ്ങി സിപ്പ് ലൈൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം തന്നെയായിരുന്നു ദാരുണ സംഭവം. ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻതന്നെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം.
യാതൊരുവിധ അനുമതികളും ഇല്ലാതെയാണ് ഈ റോപ് വേ പ്രവർത്തിച്ചിരുന്നതെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ പാലിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ ഉത്തരവാദിയായവർക്കെതിരെ കർശ്ശന നിയമനടപടി സ്വീകരിക്കണമെന്നും, കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത്.