ഓമശ്ശേരി: കൂടത്തായിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പത്താം ക്ലാസുകാരായ സീനിയർ വിദ്യാർത്ഥിനികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലാണ് സംഭവം. മർദ്ദനത്തിൽ കൊടുവള്ളി മുടൂർ സ്വദേശിനി ഹിബാ ഫാത്തിമ (14) ഉൾപ്പെടെയുള്ള നാലു വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.
സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിനെച്ചൊല്ലി വിദ്യാർത്ഥിനികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഓണാഘോഷ പരിപാടിയിൽ കളർ കോഡ് വസ്ത്രം ധരിച്ചെത്തിയ കുട്ടികളെ പത്താം ക്ലാസ് വിദ്യാർത്ഥിനികൾ ഭീഷണിപ്പെടുത്തുന്നത് ഹിബ കണ്ടിരുന്നു. വിഷയം അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പറഞ്ഞതിന്റെ പ്രതികാരമായാണ് ഹിബയ്ക്ക് നേരെ ആക്രമണമുണ്ടായത്.
അവധി കഴിഞ്ഞ് സ്കൂൾ തുറന്ന തിങ്കളാഴ്ച ഹിബയെ ബലമായി ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മുഖത്ത് കല്ലുകൊണ്ട് അടിക്കുകയും, നാഭിയിൽ ചവിട്ടി താഴെയിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ആക്രമണം തടയാനെത്തിയ സഹപാഠികളായ മറ്റ് മൂന്ന് പെൺകുട്ടികൾക്കും മർദ്ദനമേറ്റു. പരിക്കേറ്റ ഹിബാ ഫാത്തിമയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ പോലിസും സ്കൂൾ അധികൃതരും കർശ്ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനികളെ സ്കൂൾ അധികൃതർ പിന്നീട് സസ്പെൻഡ് ചെയ്തു.