കോഴിക്കോട്: കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സഹയാത്രികനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കാക്കൂർ സ്വദേശി ചാലങ്ങോട്ട് മനയിൽ ബിജു.വി (53) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന വടകര സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. ബസ് മാനാഞ്ചിറ ഭാഗത്തെത്തിയപ്പോൾ യുവതിയുടെ സ്വകാര്യ ഭാഗത്ത് കൈവെച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. യുവതി ബഹളം വെച്ചതോടെ മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ഇടപെട്ടു.
തുടർന്ന് ബസ് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. നടക്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശ്രീജേഷിന്റെ നേതൃത്വത്തിലാണ് തുടർനടപടികൾ സ്വീകരിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു