തിരുവനന്തപുരം: സമയമോ, ദൈർഘ്യമോ പറയാതെയുള്ള വൈദ്യുതി കട്ട് ജനത്തിന്റെ ഉറക്കം കെടുത്തുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച രാത്രി പലപ്പോഴായി ഒരു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. മഴ കുറഞ്ഞതോടെ രാത്രിയിലും അപാര ചൂടാണ്. ഇത് വൈദ്യുതി ഉപഭോഗം വർദ്ധിപ്പിച്ചു.
രാത്രി 6.30നും 12.30നുമിടയിൽ എപ്പോൾ വേണമെങ്കിലും വൈദ്യുതി മുടങ്ങാവുന്ന സ്ഥിതി. കൃത്യമായ സമയം പറയാനാവില്ലെന്നും കേരളത്തിനു പുറത്തു നിന്നുള്ള വൈദ്യുതിയുടെ ലഭ്യത കുറയുമ്പോഴാണ് കട്ട് വേണ്ടി വരുന്നതെന്നുമാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. വേനൽക്കാലത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ വൈദ്യുതിക്ക് പകരം, മഴ ലഭിക്കുമ്പോൾ തിരികെ വൈദ്യുതി നൽകുന്ന കൈമാറ്റ കരാറുകളുടെ കാലാവധി 15ന് അവസാനിക്കും. ഇതോടെ 400 മെഗാവാട്ട് വൈദ്യുതി ആഭ്യന്തരമായി ഉപയോഗിക്കാൻ കെ.എസ്.ഇ.ബിക്ക് കഴിയും.
ഡാമുകളിലെ ജലനിരപ്പ് 64 ശതമാനമാണെങ്കിലും ആകെ ആഭ്യന്തര ഉത്പാദനം കഴിഞ്ഞ ദിവസം 26 ദശലക്ഷം യൂണിറ്റിനു മുകളിലേക്ക് വർദ്ധിപ്പിച്ചു. പീക്ക് സമയ വൈദ്യുതി സംഭരിക്കാനുള്ള ബെസ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാൻ മൂന്ന് മാസമെങ്കിലും വേണ്ടി വരും.