Trending

നിക്ഷേപകരിൽ നിന്നും കോടികൾ തട്ടി; സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ രണ്ട് ഡയറക്ടർമാർ അറസ്റ്റിൽ.


പേരാമ്പ്ര: സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തി നിക്ഷേപകരെ വഞ്ചിച്ച് കോടികൾ വെട്ടിച്ച കേസിൽ രണ്ട് ഡയറക്ടർമാർ അറസ്റ്റിൽ. കടിയങ്ങാട് സ്വദേശികളായ മലയിൽ കെ.കെ രതീഷ് (43), ചെറുകുന്നുമ്മൽ സി.കെ ജനിൽകുമാർ (46) എന്നിവരാണ് പിടിയിലായത്.

പേരാമ്പ്ര, കടിയങ്ങാട് എന്നിവിടങ്ങളിലായിരുന്നു അർബൻ നിധി എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. പേരാമ്പ്ര, കല്ലോട്, കുത്താളി, കടിയങ്ങാട്, മുതുവണ്ണാച്ച, പന്തിരിക്കര, പാലേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള ആയിരത്തിലധികം പേരിൽ നിന്നും നാലു ശതമാനം പലിശ നിരക്കിൽ സ്വർണ്ണ പണയം സ്വീകരിച്ചും, ചിട്ടി ചേർത്തും, സേവിംഗ്‌സ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ്, പേഴ്സണൽ ലോൺ, വനിതകൾക്ക് സ്വയം തൊഴിൽ വായ്‌പ തുടങ്ങിയ ഇടപാടുകൾ നടത്തിയും കോടിക്കണക്കിന് രൂപയും സ്വർണ്ണവുമാണ് തട്ടിയെടുത്തത്.

പണം നഷ്ടമായതിനെ തുടർന്ന് നിക്ഷേപകർ പേരാമ്പ്ര പോലീസിൽ പരാതി നൽകിയിരുന്നു. രണ്ടു വർഷമായി പ്രതികൾ ഒളിവിലായിരുന്നു. രതീഷിനെ കൊയിലാണ്ടിയിൽ നിന്നും ജനിൽകുമാറിനെ പേരാമ്പ്ര മേപ്പയൂർ റോഡിൽ നിന്നുമാണ് പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജനിൽകുമാറിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പേരാമ്പ്ര സ്റ്റേഷനിലെ എസ്ഐ ഷൗക്കത്തലി, റൂറൽ എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ സി.എം സുനിൽകുമാർ, പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്ക്വാഡിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാഫി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവർക്കുമെതിരെ ഏഴു കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post