Trending

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അത്തോളി സ്വദേശിയായ ജിം ട്രെയിനർ അറസ്റ്റിൽ.


എലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ജിം ട്രെയിനർ അറസ്റ്റിൽ. അത്തോളി സ്വദേശി റിഷാദിനെയാണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വയനാട് വൈത്തിരിയിലെ സ്വകാര്യ വില്ലയിൽ എത്തിച്ചായിരുന്നു പീഡനം. തുടർന്ന് പെൺകുട്ടിക്ക് ലഹരി കലർത്തിയ ജ്യൂസ് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിനിടെ വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും പോലീസ് തെളിവെടുപ്പിൽ കണ്ടെത്തി.

ഭയന്നുപോയ പെൺകുട്ടി വീട്ടുകാരോട് വിവരങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് കുടുംബം എലത്തൂർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ദ്രുതഗതിയിൽ അന്വേഷണം നടത്തിയ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post