കൊച്ചി: തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്. അക്രമകാരികളായ നായ്ക്കള്‍ക്ക് പുറമെ പേവിഷബാധയേറ്റവ, ഗുരുതരമായി പരിക്കേറ്റവ, മാറാത്ത രോഗബാധയുള്ളവ എന്നിവയെയും ദയാവധം ചെയ്യാമെന്നാണ് നിര്‍ദ്ദേശം.
നായ്ക്കള്‍ക്ക് മരുന്ന് കുത്തിവയ്‌ക്കേണ്ടത് വെറ്ററിനറി സര്‍ജന്‍ ആയിരിക്കണമെന്നും കര്‍ശ്ശനമാക്കിയിട്ടുണ്ട്. സോഡിയം പെന്റോബാര്‍ബിറ്റല്‍, തയോപെന്റല്‍ സോഡിയം എന്നീ മരുന്നുകള്‍ മാത്രമെ ഇതിനായി ഉപയോഗിക്കാവൂ. യന്ത്രങ്ങള്‍ ഉപയോഗിച്ച് നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
ദയാവധത്തിനായി പിടികൂടുന്ന നായ്ക്കളെ ആദ്യം മൂന്ന് ദിവസം ഐസൊലേഷന്‍ സെല്ലില്‍ പാര്‍പ്പിക്കണം. തുടര്‍ന്ന് ആരെങ്കിലും നായയെ ഏറ്റെടുക്കാന്‍ തയ്യാറാണോന്ന് പരിശോധിച്ച ശേഷമേ ദയാവധം നടത്താവൂ. ദയാവധം നടത്തുന്ന നായ്ക്കളുടെ വിശദമായ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും ഓരോ നായയെയും പിടികൂടിയ സ്ഥലമടക്കം രേഖപ്പെടുത്തുന്ന ക്യാപ്ചര്‍ മാപ്പ് തയ്യാറാക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.