കൊടുവള്ളി: മോഷണശ്രമം ആരോപിച്ച് കിഴക്കോത്ത് ആവിലോറയിൽ 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ നടപടിക്ക് ഉത്തരവിട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) വീട്ടിലേക്കു വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം കൈകാലുകൾ കൂട്ടിക്കെട്ടുകയും മുറിവുകളിൽ മുളകുപൊടി പുരട്ടുകയും കണ്ണിൽ മുളകു വെള്ളം ഒഴിക്കുകയും കാൽനഖത്തിനിടയിൽ ഈർക്കിൽ കയറ്റുകയും ചെയ്‌തെന്നാണ് കുട്ടിയുടെ പരാതി.
അർദ്ധ രാത്രിയിൽ രക്ഷപ്പെട്ട കുട്ടിയെ ഒരു വഴിയാത്രക്കാരനാണ് കൊടുവള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. കുട്ടിക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനമേറ്റിരുന്നു. മർദ്ദനത്തെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവം കോഴിക്കോട് ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെടുകയും അന്വേഷണം നടത്തി നടപടിയെടുക്കാൻ റൂറൽ എസ്പിക്ക് നിർദ്ദേശവും നൽകി.
തുടർന്ന് എസ്പിയുടെ നിർദ്ദേശപ്രകാരം കൊടുവള്ളി പോലിസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവരം അറിയിച്ചിട്ടും പോലീസ് തുടർ നടപടിയെടുത്തില്ലെന്ന് കുട്ടി നേരത്തെ പറഞ്ഞിരുന്നു. കുട്ടിയുടെ മാതാവ് നേരത്തെ മരണപ്പെട്ടതാണ്. വീട്ടുകാർ യത്തീംഖാനയിലേക്ക് മാറ്റിയ കുട്ടിയെ അവിടെ വെച്ചാണ് മൊഴിയെടുത്തത്. കുട്ടിക്കും കുടുംബത്തിനും കൗൺസിലിങ് നൽകിയ ശേഷം കുട്ടിയെ താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. എന്നാൽ വീട്ടുകാർ മോഷണം പോയെന്നു പറഞ്ഞ വാച്ച് പിന്നീട് മറ്റൊരിടത്ത് നിന്നും കണ്ടെത്തി.