എളേറ്റിൽ: കിഴക്കോത്ത് ആവിലോറയിൽ മോഷണം ആരോപിച്ച് പന്ത്രണ്ട് വയസ്സുകാരനെ അതിക്രൂരമായ ശാരീരിക-മാനസിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടിയെ രണ്ട് ദിവസത്തോളം വീട്ടിനുള്ളിലെ ഒരു മുറിയിൽ അടച്ചിട്ട് ക്രൂരമായി പീഡിപ്പിച്ചെന്നാണ് കൊടുവള്ളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
വായിൽ തുണി തിരുകുകയും, കൈകാലുകൾ കെട്ടിയിടുകയും ചെയ്ത ശേഷം അതിക്രൂരമായി മർദ്ദിക്കുകയും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഈ ദിവസങ്ങളിൽ കുട്ടിക്ക് ഭക്ഷണമോ വെള്ളമോ നൽകാതെ പട്ടിണിക്കിടുകയും ചെയ്തിരുന്നു.
മോഷണക്കുറ്റം ആരോപിച്ച് അടുത്ത ബന്ധുക്കളിൽ നിന്നാണ് കുട്ടിക്ക് ക്രൂരമായ ശാരീരിക പീഡനങ്ങളും മർദ്ദനവുമേറ്റതെന്നാണ് ലഭിക്കുന്ന വിവരം. നിരന്തര മർദ്ദനത്തിൽ കുട്ടിയുടെ ശരീരമാസകലം ഗുരുതരമായ മുറിവുകളുടെ പാടുകളുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊടുവള്ളി പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.