ബാലുശ്ശേരി: ബാലുശ്ശേരി തുരുത്തിയാട് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കൈത്തണ്ട മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ സുഹൃത്തുക്കളുടെയും ബാലുശ്ശേരി സമയോചിത ഇടപെടലില്‍ രക്ഷപ്പെടുത്തി. മുമ്പ് ബാംഗ്ലുരില്‍ ജോലി ചെയ്‌തിരുന്ന മെല്‍ബിന്‍ (18) ആണ് വീട്ടിലെ വാതിലുകള്‍ അടച്ചശേഷം കൈത്തണ്ട മുറിച്ച് ബാംഗ്ലുരിലുള്ള സുഹൃത്തിന് ചിത്രം അയച്ചത്.
താന്‍ മരിക്കുകയാണെന്ന സന്ദേശവും നല്‍കി. അപകടം മനസ്സിലാക്കിയ സുഹൃത്ത് ചിത്രം നാട്ടിലുള്ള സുഹൃത്തുക്കള്‍ക്ക് കൈമാറി. തുടര്‍ന്ന് സുഹൃത്തുക്കള്‍ വീട്ടിലെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോള്‍ രക്‌തത്തില്‍ കുളിച്ച നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ ബാലുശ്ശേരി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്‌ഥലത്തെത്തി യുവാവിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനയ്‌ക്കുശേഷം വിദഗ്‌ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.