താമരശ്ശേരി: താമരശ്ശേരിയിൽ വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നരിക്കുനി കാരുകുളങ്ങര സ്വദേശിയും പാലാഴി ക്രസന്റ് അപ്പാർട്ട്മെന്റിൽ താമസക്കാരനുമായ നൗഷാദ് (50), പൂനൂർ തച്ചംപൊയിൽ സ്വദേശിനിയും കൊടുവള്ളി കാഞ്ഞിരാട്ട് കുന്നുമ്മൽ താമസക്കാരിയുമായ ഗിരിജ (49) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 28ന് താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ സൂര്യ ഫൈനാൻസ് സ്ഥാപനത്തിൽ ഗിരിജ സ്വർണവളകൾ പണയം വെയ്ക്കാൻ എത്തിയിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ സ്വർണം പരിശോധിച്ചതോടെയാണ് അത് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതോടെ യുവതി വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.
അന്വേഷണത്തിൽ, ഗിരിജ പണയം വെയ്ക്കാൻ കൊണ്ടുവന്ന സ്വർണം നൗഷാദാണ് നൽകിയതെന്ന് വ്യക്തമായി. മലബാർ ഗോൾഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വളകളിൽ മലബാർ ഗോൾഡിന്റെ വ്യാജ ലോഗോയും BIS ഹാൾമാർക്ക് മുദ്രയും ഉപയോഗിച്ചതായും, തലേദിവസം കോഴിക്കോട് വിൽപ്പന നടത്തിയ യഥാർത്ഥ ആഭരണത്തിന്റെ അതേ സീരിയൽ നമ്പർ തന്നെയാണ് വ്യാജ വളകളിലും രേഖപ്പെടുത്തിയിരുന്നതെന്നും കണ്ടെത്തി.
തുടർന്ന് താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയിൽ സുൽത്താൻ ബത്തേരി സ്വകാര്യ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കൂടുതൽ തട്ടിപ്പുകൾക്ക് ഇവർക്ക് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.