പൂനൂർ: നിറയെ യാത്രക്കാരുമായി വന്ന സ്വകാര്യ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ വെച്ചാണ് സ്വകാര്യ ബസ് കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയൊടെയായിരുന്നു സംഭവം. സമീപവാസികളും നാട്ടുകാരും ചേർന്ന് ഇടപെട്ട് ബസ്സിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. വലിയൊരു ദുരന്തത്തിൽ നിന്നും ഭാഗ്യംകൊണ്ട് മാത്രമാണ് നാല്പതോളം വരുന്ന യാത്രക്കാർ രക്ഷപ്പെട്ടത്.
ഈ ഭാഗത്ത് റോഡും പുഴയും വേർതിരിച്ച് അറിയാനാവാത്ത വിധം പുഴ കരകവിഞ്ഞ് ഒഴുകകയാണ്. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചും ഡ്രൈവർ ബസ്സ് മുന്നോട്ടു എടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മേഖലയിൽ വലിയ തോതിൽ വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്. പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ മേഖലയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.