Trending

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം; കോഴിക്കോട് യുവാവ് കുത്തേറ്റ് മരിച്ചു.


കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിൽ കെഎസ്ആർടിസി സ്റ്റാൻ്റിന് സമീപം വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് നടുവട്ടം സ്വദേശി ആദിൽ റോഷൻ (39) ആണ് മരിച്ചത്. കോഴിക്കോട് മിഠായിത്തെരുവിലെ കടയുടമയാണ് കൊല്ലപ്പെട്ട ആദിൽ. ഇന്നലെ രാത്രിയോടെയാണ് സംഭവം.

യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആദിലിനെ കൊല്ലം സ്വദേശിയായ സുഹൃത്താണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ പോലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അക്രമത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ആദിലിനെ സമീപത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളാണ് ഉടൻതന്നെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഉടൻതന്നെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post