Trending

ബാലുശ്ശേരി-കോഴിക്കോട് റോഡ് നവീകരണം; ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നു.


കോഴിക്കോട്: ബാലുശ്ശേരി-കോഴിക്കോട് ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിൽ. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം മാസങ്ങളോളം നിശ്ചലമായ ഭൂമി ഏറ്റെടുക്കൽ നടപടികളാണ് പുരോഗമിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ബാലുശ്ശേരി-കോഴിക്കോട് റോഡിൻ്റെ വികസന പദ്ധതി നീണ്ടുപോകുന്നതിൽ പ്രതിഷേധവും ശക്തമായിരുന്നു.

കാരപ്പറമ്പ് മുതൽ ബാലുശ്ശേരി മുക്ക് വരെയുള്ള 20.3 കിലോമീറ്റർ പാത വീതി കൂട്ടി നവീകരിക്കുന്നതിന് അഞ്ച് വർഷം മുൻപ് 89.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 2020-ൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജാഞാപനം ഇറങ്ങി ഏറ്റെടുക്കേണ്ട ഭൂമി അളന്ന് അതിർത്തി നിശ്ചയിച്ചെങ്കിലും തുടർനടപടികൾ നീണ്ടു. മൂന്നു മാസം മുൻപു വരെ കക്കോടി, ചേളന്നൂർ, കാക്കൂർ പഞ്ചായത്തുകളിൽ ഒരു തുണ്ടു ഭൂമിപോലും ഏറ്റെടുത്തിരുന്നില്ല. ഒന്നര മാസത്തിനിടെ കക്കോടി വില്ലേജിൽ ഏറ്റെടുക്കേണ്ട ഭൂമികളുടെ കൈവശരേഖകൾ വാങ്ങി. ചേളന്നൂർ വില്ലേജിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ കൈവശരേഖകൾ ശേഖരിക്കുകയാണ്. കാക്കൂർ വില്ലേജിൽ നിന്നും കൂടി രേഖകൾ വാങ്ങാനുണ്ട്.

നന്മണ്ടയിൽ നിന്ന് മുൻപേ രേഖകൾ വാങ്ങിയെങ്കിലും സാങ്കേതിക തകരാറിൽ പെട്ടിരിക്കുന്ന പത്തോളം പേരുടെ രേഖകൾ ശേഖരിക്കാനുണ്ട്. ഇതിന് ഒരു വില്ലേജിന് ഒന്നര മാസമെങ്കിലും വേണ്ടിവരുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. ശിവപുരം, പനങ്ങാട്, നന്മണ്ട, കാക്കൂർ, ചേളന്നൂർ, വേങ്ങേരി, കക്കോടി, കച്ചേരി എന്നീ എട്ടു വില്ലേജുകളിൽ നിന്നായി (3.26622 ഹെക്ടർ) ഭൂമി അധികമായി ഏറ്റെടുക്കുന്നതിനായി സർക്കാർ ഭരണാനുമതി നൽകിയിരുന്നു. പനങ്ങാട് പഞ്ചായത്തിൽ ഒരാളുടെ ഭൂമിയായിരുന്നു ഏറ്റെടുക്കേണ്ടി വന്നത്. ശിവപുരത്തെ ഒമ്പതും ഏറ്റെടുത്തു. കച്ചേരിയിൽ 41 പേരുടെ ഭൂമി ഏറ്റെടുക്കേണ്ടതിൽ 30ഉം, വേങ്ങേരിയിൽ 376-ൽ 164 പേരുടെ ഭൂമി മാത്രമേ ഏറ്റെടുത്തിട്ടുള്ളു. ചേളന്നൂരിൽ 565, കക്കോടിയിൽ 287, കാക്കൂരിൽ 137 പേരുടെ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡാണ് (റിക്ക്) പദ്ധതി ഏറ്റെടുത്തത്.

കാരപ്പറമ്പ് മുതൽ കക്കോടി പാലം വരെയുള്ള നാലു കി.മീറ്റർ ദൂരം 18 മീറ്റർ വീതി, പിന്നീട് വരുന്ന ബാലുശ്ശേരി മുക്ക് വരെയുള്ള 16.3 കി.മീറ്റർ ദൂരം 12 മീറ്റർ വീതി എന്നിങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കക്കോടി, മൂട്ടോളി, അമ്പലത്തുകുളങ്ങര, ഏഴേ ആറ്, ഏട്ടേ രണ്ട് ഭാഗങ്ങളിലെ പലയിടത്തും നിലവിൽ 10 മീറ്ററോളം മാത്രമേ വീതിയുള്ളൂ. രണ്ടു മീറ്റർ കൂടി വീതി കൂടിയാലും ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് കുറയില്ലെന്ന വിലയിരുത്തലാണ് അധികൃതർ. എന്നാൽ ബാലുശ്ശേരി എത്തുന്നതിനിടെ പല ഭാഗങ്ങളിലും 15 മീറ്ററോളം നിലവിലുണ്ട്.

Post a Comment

Previous Post Next Post