കോഴിക്കോട്: ചാലിയാറിൽ മാവൂർ എളമരം പാലത്തിന് സമീപം യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാലത്തിനു മുകളിൽ വ്യായാമം ചെയ്യുന്നവർ ഇന്ന് രാവിലെ 6.30 ഓടെയാണ് പുഴയിലൂടെ മൃതദേഹം ഒഴുകി വരുന്നത് കണ്ടത്. ഉടൻ തന്നെ മാവൂർ പോലീസിലും മാവൂർ ഫയർ യൂണിറ്റിലും വിവരമറിയിച്ചു. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ ചെറുവള്ളങ്ങൾ ഉപയോഗിച്ച് മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.
യുവാവിൻ്റെ ദേഹ പരിശോധനയിൽ ലഭിച്ച രേഖകൾ പ്രകാരം ഒറ്റപ്പാലം അഴിയന്നൂർ സ്വദേശിയായ ദിലീപ് (30) ആണ് മരിച്ചതെന്ന് വ്യക്തമായി. കോഴിക്കോട് ഈസ്റ്റേൺ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവന്ന ദിലീപിനെ ആഗസ്റ്റ് 17 മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
അരീക്കോട് പാലത്തിനു സമീപം നിൽക്കുന്നതായി ചിലർ കണ്ടെന്ന് വിവരം ലഭിച്ചതോടെ അന്ന് ചാലിയാറിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മാവൂർ എസ്ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു. ദിലീപിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.