കോഴിക്കോട്: കോഴക്കോട് നടക്കാവിലെ ഒരു ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജാഫർഖാൻ കോളനി റോഡിലെ സ്വകാര്യ ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. യുഎഇ പൗരയായ റാസൽഖൈമ സ്വദേശിനി സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കിയാണ് മരിച്ചത്. ഹോട്ടൽ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് നടക്കാവ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.
ഇന്ന് വൈകുന്നേരത്തോടെയാണ് നടക്കാവ് സ്റ്റേഷനിൽ വിവരമറിയുന്നത്. കുടുംബസമേതം കേരളത്തിൽ വിനോദയാത്രക്ക് എത്തിയതായിരുന്നുവെന്നാണ് വിവരം. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. യുവതി കോഴിക്കോട്ടേക്ക് എത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും യാത്രാ രേഖകളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.