Trending

‌വിവാഹബന്ധം വേർപെടുത്താതെ രണ്ടാം വിവാഹം; ഭർത്താവിൻ്റെ വീടിന് മുന്നിൽ ഡോക്ടറുടെ സമരം.


തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി ഡോ. ഐഷ മുഹമ്മദാണ് ഭര്‍ത്താവ് ഡോ. അലി അബ്ദുല്‍ ലത്തീഫിന്റെ വീടിന് മുന്നിൽ 14 ദിവസമായി സമരം ഇരിക്കുന്നത്. വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്താതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതിൽ നീതി തേടിയാണ് ഡോക്ടറുടെ പ്രതിഷേധം. സ്വർണവും പണവും തട്ടിയെന്നും പരാതിയുണ്ട്.

‘100 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയും വാങ്ങി 13 വർഷം മുൻപാണ് അലി തന്നെ കല്യാണം കഴിച്ചത്’- യുവതി പറയുന്നു. തുടക്കം മുതല്‍ സ്വത്തു കുറവ്, സ്വര്‍ണം കുറവ് എന്ന് പറഞ്ഞ് ശാരീരികമായും മാനസ്സികമായും ഒരുപാട് പീഡനങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. കൊറോണ കാലത്ത് മംഗലാപുരത്ത് ഞങ്ങള്‍ ജോലി ചെയ്യുന്ന സമയത്ത് എന്നെ വീട്ടില്‍ പൂട്ടിയിടുക വരെ ചെയ്തു. ഒടുവില്‍ മംഗലാപുരം പോലീസിന്റെ സഹായത്തോടെയാണ് ഞാന്‍ നാട്ടിലേക്ക് തിരിച്ചുവന്നത്,' ഡോക്ടര്‍ ആയിഷ കണ്ണീരോടെ പറയുന്നു.

വിവാഹബന്ധം നിലനില്‍ക്കെത്തന്നെ കോഴിക്കോട് പൂവാറ്റുപുറമ്പുള്ള ഒരു മഹല്ലില്‍ വച്ചാണ് ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതെന്ന് ആയിഷ ആരോപിക്കുന്നു. '100 പവന്‍ സ്വര്‍ണവും പണവും വാങ്ങിയാണ് 2013ല്‍ എന്നെ കല്യാണം കഴിച്ചത്. ഇപ്പോള്‍ അതൊന്നും തിരികെ തരാതെയും, മകള്‍ക്ക് ചിലവിന് തരാതെയുമാണ് ഇദ്ദേഹം വേറെ കല്യാണം കഴിച്ച് ജീവിക്കുന്നത്. സ്വന്തം മഹല്ലിന്റെ അനുമതി പത്രം പോലും ഇല്ലാതെയാണ് മറ്റൊരു മഹല്ലില്‍ പോയി ഈ കല്യാണം നടത്തിയത്,' ആയിഷ കൂട്ടിച്ചേര്‍ത്തു.

തനിക്ക് അര്‍ഹതപ്പെട്ട സ്വര്‍ണവും പണവും തിരികെ ലഭിക്കണമെന്നും പത്തുവയസ്സുള്ള മകളുടെ ഭാവി സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് ആയിഷ. എന്നാൽ, ഭാര്യ വിവാഹമോചനത്തിന് തയ്യാറായിരുന്നില്ലെന്നാണ് ഡോ. അലിയുടെ വിശദീകരണം.

Post a Comment

Previous Post Next Post