തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത അഞ്ചു വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള നിയന്ത്രണ ചട്ടത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. പകൽ സമയത്ത് കുറഞ്ഞ നിരക്കും രാത്രി സമയത്ത് കൂടുതൽ നിരക്കും ഏര്‍പ്പെടുത്താമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളുമായാണ് കരട് പുറത്തുവിട്ടിരിക്കുന്നത്. ഇതേക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങള്‍ക്ക് അടുത്ത മാസം 25 വരെ സമര്‍പ്പിക്കാം.
2027 മുതൽ 2032 വരെ വൈദ്യുതി നിരക്ക് പരിഷ്കരണത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരടാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചത്. ഉപഭോഗ സമയത്തിന് അനുസൃതമായി നിരക്ക് ഏർപ്പെടുത്തുന്നത് കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് നിര്‍ദ്ദേശം. നിലവിൽ മാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സംവിധാനമുള്ളത്.
സോളാര്‍ വൈദ്യുതി സുലഭമായ പകൽ സമയത്ത് കുറഞ്ഞ നിരക്കും ഉയര്‍ന്ന വൈദ്യുതി ഉപയോഗമുള്ള രാത്രിയിൽ ഉയര്‍ന്ന നിരക്കുമാണ് ലക്ഷ്യമിടുന്നത്. ഉയർന്ന ഉപഭോഗമുള്ള സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കാനാണിത്. അതേസമയം, ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള പുരപ്പുറ സോളാര്‍ ഉത്പാദകർക്ക് ഈ സമയത്ത് നിരക്ക് ഇളവ് നൽകുന്നതിനെക്കുറിച്ചും കെഎസ്ഇബിക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കാം. വൈദ്യുതി വാങ്ങൽ ചെലവ് കുറയ്ക്കാൻ ശ്രമിക്കണമെന്നു കമ്മീഷൻ നിര്‍ദ്ദേശിക്കുന്നു.
ഫിക്സഡ് ചാര്‍ജ്ജ് കണക്കാക്കുന്ന രീതിയിലും മാറ്റം വരാം. ഇപ്പോള്‍ സ്ലാബ് അനുസരിച്ചാണ് ഫിക്സ്ഡ് ചാര്‍ജ്ജ്. മീറ്റര്‍ സംവിധാനം ആയാൽ ആകെ ഉപഭോഗം നോക്കി ഫിക്സഡ് ചാര്‍ജ് നിശ്ചയിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്ധന സര്‍ചാര്‍ജ്ജ് മാസം തോറും പിരിക്കുന്നവെന്ന് ഉറപ്പാക്കാനുള്ള നിര്‍ദ്ദേശവുണ്ട്. വൈദ്യുതി വാങ്ങാൻ ചെലവായ തുക നിരക്കിലൂടെ ഈടാക്കാൻ കഴിയാത്തുമൂലം 2024 വരെ കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം 2031ന് മുൻപ് നികത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം.