എളേറ്റിൽ: പാരമ്പര്യമായി ലഭിച്ച അറിവുകളും പ്രകൃതിയോടുള്ള സ്നേഹവും കൈമുതലാക്കി ഒരു വനിതാ സംരംഭക വിജയകരമായി മുന്നേറുന്നു. എളേറ്റിൽ വട്ടോളി കണ്ണിറ്റമാക്കിൽ പ്രദേശത്തെ ഷാജിത അഷ്‌റഫാണ് സ്വന്തം കഴിവിൽ വിശ്വസിച്ച് വിജയകരമായ സംരംഭത്തിലൂടെ മാതൃകയാകുന്നത്.
പതിനഞ്ചു വർഷത്തിലേറെയായി പൂർണമായും പ്രകൃതിദത്തമായ രീതിയിൽ യാതൊരുവിധ രാസവസ്തുക്കളും ചേർക്കാതെ വീട്ടിൽ നിന്നു തന്നെ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ‘ഷാജീസ് നാച്ചുറൽ പ്രൊഡക്ട്സ്’ എന്ന ബ്രാൻഡിലൂടെ നൂറുകണക്കിന് കുടുംബങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഷാജിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഹെയർ ഓയിൽ, ഷാംപൂ, സോപ്പ്, ഫേസ് വാഷ്, ഫേസ് ക്രീം, ന്യൂട്രി മിക്സ്, ഡിഷ് വാഷ്, ഹാൻഡ്തു വാഷ്, മസാല പൊടികൾ തുടങ്ങി വിവിധ തരം പ്രകൃതിദത്ത ഉൽപ്പന്നങ്ങളാണ് ഷാജിത സ്വന്തം കൈകളാൽ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത്. ചെറുപ്പം മുതൽ പാരമ്പര്യമായി ലഭിച്ച ഈ തൊഴിൽ ഷാജിതയ്ക്ക് വെറുമൊരു ഉപജീവനമാർഗം മാത്രമല്ല, ഹൃദയത്തോട് ചേർന്ന വലിയൊരു പാഷൻ കൂടിയാണ്.
ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ ഉറച്ചുനിൽക്കുക എന്ന സ്വപ്നമാണ് ഈ സംരംഭത്തിലൂടെ അവർ യാഥാർത്ഥ്യമാക്കിയത്. ഗുണനിലവാരത്തിലും വിശ്വാസ്യതയിലും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും ഷാജിത തയ്യാറല്ല. കേരള സർക്കാരിന്റെ ആവശ്യമായ എല്ലാ അംഗീകാരങ്ങളും സർട്ടിഫിക്കറ്റുകളും നേടിക്കൊണ്ടാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്.
ഓണത്തോടനുബന്ധിച്ചു വിവിധ പഞ്ചായത്തുകളിലെ ഓണചന്തകളിൽ ഷാജിതയുടെ ഉത്പന്നങ്ങളുടെ വിൽപ്പന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. തന്റെ സംരംഭത്തിന്റെ ഏറ്റവും വലിയ ശക്തിയായിട്ടുള്ളത് ഭർത്താവ് മുഹമ്മദ് അഷ്റഫാണെന്ന് ഷാജിത പറഞ്ഞു. ഷക്കീൽ, ഷഹാന എന്നിവർ മക്കളും, ഷിബില നർഗീസ്, ഷംജാസ് മരുമക്കളും, മെബിൻ സോഹാൻ പേരക്കുട്ടിയുമാണ്.