നരിക്കുനി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി ഷനൽ പി.ടി (40) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയോടെയാണ് മരണപ്പെട്ടത്.
തലക്കുളത്തൂർ-നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം. ഷനൽ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഷനലിന്റെ തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. പാലോറമലയ്ക്ക് സമീപം താമസിച്ചിരുന്ന പരേതനായ പറമ്പത്തൊടുകയിൽ ചന്ദ്രന്റെ മകനാണ്. നിലവിൽ കുടുംബസമേതം എടക്കരയിലാണ് താമസം. ഭാര്യ: അമ്പിളി. രണ്ട് സഹോദരിമാരുണ്ട്.