കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കായി കരുതിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. കുറ്റിക്കാട്ടൂര്‍ സ്വദേശി ഗോശാലക്കുന്നില്‍ സഫീർ (34) ആണ് മെഡിക്കല്‍ കോളേജ് പോലീസിൻ്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് കവറുകളില്‍ നിന്ന് 73 പായ്ക്കറ്റ് കൂള്‍ ലിപ്പും 44 പായ്ക്കറ്റ് ഹാന്‍സും കണ്ടെത്തിയിട്ടുണ്ട്.
എസ്ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ ദേവഗിരി കോളേജ് റോഡില്‍ ഒരാൾ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയെത്തിയ പോലീസിനെ കണ്ട് പരിഭ്രമിച്ച സഫീറിനെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു. തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.
ഇയാള്‍ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്‌പെക്ടര്‍ യൂനുസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിബിന്‍, ഹോംഗാര്‍ഡ് ധനേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.