Trending

കാറ്ററിംഗ് സ്ഥാപനങ്ങൾ വിലകൂട്ടി; ഓണസദ്യയ്ക്ക് കൈ പൊള്ളും.


കോഴിക്കോട്: ഓണത്തിന് തൂശനിലയിൽ കുത്തരിച്ചോറും കറികളും പായസവുമൊക്കെയായി സദ്യയുണ്ണാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തവണ കീശ കുറച്ചുകൂടി കാലിയാക്കേണ്ടിവരും. സദ്യയിലെ പ്രധാന വിഭവങ്ങൾക്ക് ഉൾപ്പെടെ വില ഉയർന്നതോടെ കാറ്ററിംഗ് സ്ഥാപനങ്ങൾ ഓണസദ്യയുടെ നിരക്കും കൂട്ടി. വിളമ്പാനുള്ള ഇലയും കുത്തരിച്ചോറും മൂന്നിനം പായസവുമടക്കം 23ഓളം വിഭവങ്ങളുമായുള്ളതാണ് മിക്ക കാറ്ററിംഗ് സ്ഥാപനങ്ങളുടെയും ഓണസദ്യ. അത്തംനാൾ മുതൽ തന്നെ ഓണസദ്യയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയ കാറ്ററിംഗ് സ്ഥാപനങ്ങൾ തിരുവോണ നാളിലേക്ക് വൻ ഓർഡറുകളാണ് ഏറ്റെടുക്കുന്നത്.

വിലക്കയറ്റമാണ് ഇത്തവണ കാറ്ററിംഗ് മേഖലയിലെ പ്രധാന വെല്ലുവിളി. സദ്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന പച്ചക്കായ വില ഒരാഴ്ചയ്ക്കിടെ 65 രൂപയായി ഉയർന്നു. പരിപ്പിന് 95 രൂപയായി. വെളിച്ചെണ്ണയ്ക്കും വാഴയിലയ്ക്കും വില കൂടി. സദ്യയുടെ പ്രധാന ഘടകങ്ങളായ പല സാധനങ്ങളുടെയും വില ഉയർന്നതോടെ കഴിഞ്ഞ വർഷത്തെ നിരക്കിൽ സദ്യ നൽകാൻ കഴിയാത്ത സാഹചര്യമാണ്. പാചകവാതകത്തിന്റെ വിലവർധനയും കാറ്ററിംഗ് സ്ഥാപനങ്ങളുടെ ചെലവ് കുത്തനെ ഉയർത്തി. കഴിഞ്ഞ വർഷം ഏകദേശം 1400 രൂപയായിരുന്ന പാചകവാതക സിലിണ്ടറിന് ഇത്തവണ 3000 രൂപയോളമാണ്.

Post a Comment

Previous Post Next Post