തിരുവനന്തപുരം: പത്തൊൻപതുകാരിയായ നവവധു വീട്ടിൽ മരിച്ച നിലയിൽ. തിരുവനന്തപുരം വർക്കല റാത്തിക്കലിൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകൾ നാസിയ (19) യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി നാസിയയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാസിയയെ ആദ്യം ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ മേയ് 10-നായിരുന്നു നാസിയയുടെ വിവാഹം. ഭർത്താവ് പരവൂർ തെക്കുംഭാഗം സ്വദേശി അൻസർ ഖത്തറിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് 13 ദിവസം കഴിഞ്ഞ് അൻസർ ജോലി സ്ഥലത്തേയ്ക്ക് മടങ്ങിപ്പോയി. ഭർത്താവിന്റെ വീട്ടിലായിരുന്ന നാസിയ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരാഴ്‌ച മുൻപാണ് സ്വന്തം വീട്ടിലെത്തിയത്. ഭർത്താവിൽ നിന്ന് അകന്നു കഴിയുന്നതിൽ നാസിയയ്ക്ക് മനോവിഷമമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഭർത്താവ് ഈ മാസം 25ന് നാട്ടിലെത്താനിരിക്കെയാണ് ദാരുണമായ സംഭവം.
ആർഡിഒയുടെ സാന്നിദ്ധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നത്. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും. സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതായി വർക്കല പൊലീസ് അറിയിച്ചു.