Trending

സ്വത്തുതർക്കം: എളേറ്റിൽ കത്തറമ്മലിൽ ജേഷ്ടൻ അനിയനെ വെട്ടിക്കൊന്നു.


എളേറ്റിൽ: സ്വത്തു തർക്കത്തെ തുടർന്ന് ജേഷ്ടൻ അനിയനെ വെട്ടിക്കൊന്നു. എളേറ്റിൽ വട്ടോളി കത്തറമ്മൽ താന്നിരിക്കംപൊയിൽ സ്വദേശി പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മൂത്ത സഹോദരൻ പ്രമോദിനെ (54) പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

ഇരുവരും ഒരേ വീട്ടിലായിരുന്നു താമസം. കൂലിപ്പണിക്കാരനായ പ്രസാദും മരപ്പണിക്കാരനായ പ്രമോദും തമ്മിൽ സ്വത്തിനെ ചൊല്ലി ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. ഇതു സംബന്ധിച്ച് ഇവർ കോടതിയെ സമീപിക്കുകയും അനുകൂലമായ ഉത്തരവുകൾ നിലനിൽക്കുകയും ചെയ്തിരുന്നുവെങ്കിലും തർക്കങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ല.

ശനിയാഴ്ച രാത്രി മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാതാപിതാക്കൾ നേരത്തെ മരണപ്പെട്ട ഇവർ അവിവാഹിതരാണ്. സംഭവസ്ഥലത്ത് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇരുവരുടെയും ഏക സഹോദരി കരുവൻപൊയിലിലും മറ്റൊരു സഹോദരൻ നരിക്കുനിയിലുമാണ് താമസിക്കുന്നത്.

Post a Comment

Previous Post Next Post