Trending

കക്കാടംപൊയിൽ ക്വാറിയിൽ മൺകൂന ഭീഷണി: അതീവ ഗുരുതരാവസ്ഥ, വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ.


തിരുവമ്പാടി: കക്കാടംപൊയിൽ സ്വകാര്യ ക്വാറിയുടെ മൺകൂന ജനവാസ മേഖലയ്ക്ക് ഭീഷണിയാകുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ അടിയന്തര നടപടി സ്വീകരിച്ചു അധികൃതർ. വെണ്ടേക്കുംപൊയിൽ മേലേമങ്ങാട് പ്രദേശത്ത് പുള്ളിപ്പാടം വില്ലേജ് ഓഫീസറുടെയും ചാലിയാർ ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ നേരിട്ടെത്തി പരിശോധന നടത്തി. സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ അടിയന്തര സ്റ്റോപ്പ് മെമ്മോ നൽകി.

ക്വാറിയിലെ കൂറ്റൻ മൺകൂന ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണെന്നും ഇത് താഴെയുള്ള നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണെന്നും കാണിച്ച് വില്ലേജ് ഓഫീസർ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് അടിയന്തര റിപ്പോർട്ട് സമർപ്പിച്ചു. പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത്, അപകടഭീഷണിയിലായിരുന്ന വീട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മൺകൂന ഇടിഞ്ഞു വീഴുമെന്ന ഭീതിയിൽ ഉറങ്ങാതെ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് ദ്രുതഗതിയിലുള്ള ഈ ഇടപെടൽ ആശ്വാസമായി.

Post a Comment

Previous Post Next Post